Society Today
Breaking News

കൊച്ചി: രാജ്യത്ത് ആരോഗ്യകരവും സുസ്ഥിരവുമായ വൈദ്യുത വാഹന വിപണി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ഇലക്ട്രിക് വെഹിക്കിള്‍ റോഡ് മാപ്പ് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഇവി ബിസിനസ് ഘടന വികസിപ്പിക്കുന്നതിനുള്ള ഒരു ബ്ലൂപ്രിന്റായിരിക്കും ഇതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു.പുതിയ ഇവി സാങ്കേതിക വിദ്യകളും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് റോഡ് മാപ്പ്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വിദേശ ബിസിനസ് വിപുലീകരിക്കുന്നതിനും ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള ഭാവി ബിസിനസ് ലക്ഷ്യവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.ഫാക്ടറി ഇ, പ്ലാറ്റ്‌ഫോം ഇ, വര്‍ക്ക്‌ഷോപ്പ് ഇ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഇവി റോഡ് മാപ്പ്. വൈദ്യുതി വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി മാത്രം കര്‍ണാടകയിലെ നര്‍സാപുരയില്‍ എച്ച്എംഎസ്‌ഐയുടെ പ്രത്യേക ഫാക്ടറി (ഫാക്ടറി ഇ) സ്ഥാപിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യക്ക് അനുസൃതമായി പ്രാദേശികമായി നിര്‍മിച്ച ബാറ്ററികളും പിസിയു ഘടകങ്ങളുമായിരിക്കും ഹോണ്ടയുടെ ഇവിയില്‍ ഉപയോഗിക്കുക.

നൂറ് ശതമാനം പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ നിരക്കാണ് ഫാക്ടറിയുടെ മറ്റൊരു സവിശേഷത. ഘട്ടംഘട്ടമായി 2030ഓടെ പ്രതിവര്‍ഷം പത്ത് ലക്ഷം ഇവി യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാനും ഹോണ്ട ലക്ഷ്യമിടുന്നു.ഫിക്‌സഡ് ബാറ്ററി, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി, മിഡ് റേഞ്ച് ഇവി എന്നിവയുള്‍പ്പെടെ വിവിധ ഇവി മോഡലുകളുടെ അടിത്തറയായാണ് പ്ലാറ്റ്‌ഫോം ഇ പ്രവര്‍ത്തിക്കുക. എച്ച്എംഎസ്‌ഐയുടെ പ്രോജക്റ്റ് വിദ്യുതിന്റെ ഭാഗമായി, 2024 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് പുതിയ ഇരുചക്ര വൈദ്യുത വാഹനങ്ങള്‍ ഹോണ്ട അവതരിപ്പിക്കും.ഇവി ഉപഭോക്താവിന് സൗകര്യപ്രദമായ അനുഭവം നല്‍കുകന്നതിന് ലക്ഷ്യമിട്ടുള്ളതാണ് വര്‍ക്ക്‌ഷോപ്പ് ഇ. നിലവിലുള്ള ആറായിരത്തിലേറെ ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്കുകളില്‍ ചാര്‍ജിങ് സ്‌പോട്ടുകള്‍ സജ്ജമാക്കും. പെട്രോള്‍ പമ്പുകളിലും മെട്രോ സ്‌റ്റേഷനുകളിലും മറ്റ് സ്ഥലങ്ങളിലും ഉപഭോക്താക്കള്‍ക്കായി ബാറ്ററി സൗകര്യവും ഏര്‍പ്പെടുത്തും.

2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ എല്ലാ മോഡലുകളുടെയും ഒബിഡി2ലേക്കുള്ള സമ്പൂര്‍ണ പരിവര്‍ത്തനമാണ് ഭാവി ബിസിനസ് ലക്ഷ്യങ്ങളിലൊന്ന്. 20 മോഡലുകള്‍ 58 രാജ്യങ്ങളിലേക്ക് അയച്ച് കയറ്റുമതി വികസിപ്പിക്കുകയാണ് മറ്റൊന്ന്. ഗുജറാത്തിലെ വിത്തലാപൂര്‍ ഫാക്ടറിയില്‍ ആറ് ലക്ഷം യൂണിറ്റ് ശേഷിയുള്ള പുതിയ സ്‌കൂട്ടര്‍ അസംബ്ലി ലൈന്‍ തുടങ്ങാനും ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്.ഇന്ത്യയുടെ ഏറ്റവും മികച്ച ഇവി ബിസിനസ് ഘടന കെട്ടിപ്പടുക്കുന്നതിനും സുസ്ഥിര ഗതാഗത വികസനത്തിന് നേതൃത്വം നല്‍കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു.തങ്ങളുടെ ഇവി റോഡ്മാപ്പ് ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനായി സവിശേഷമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഉദ്ദേശിക്കുന്നു. സമാന്തരമായി, ഇവി സാങ്കേതികവിദ്യകളുടെ വികസനം, ഇന്‍ഫ്രാസ്ട്രക്ചര്‍ ചാര്‍ജിംഗ്, വില്‍പ്പനാനന്തര സേവനങ്ങള്‍ എന്നിവയിലും തങ്ങള്‍ നിക്ഷേപം നടത്തുന്നുവെന്നും അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു.


 

Top